‘ഇങ്ങനെയെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും’; മുഈന്‍ അലി തങ്ങള്‍ക്ക് ലീഗ് പ്രവര്‍ത്തകന്റെ വധഭീഷണി
പാണക്കാട് കുടുംബാംഗവും മുസ്ലീം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണി. ഫോണിലൂടെ ആണ് മുഈന്‍ അലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരുമെന്നായിരുന്നു ഭീഷണി എന്ന് മുഈന്‍ അലി തങ്ങള്‍ പറഞ്ഞു.
ഇനി പുറത്തിറങ്ങാന്‍ ആകില്ല. തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളിലേക്കും ഇനി നീങ്ങും. തങ്ങള്‍ കുടുംബത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല, നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല എന്നും ഭീഷണിയുണ്ട്. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചത് എന്നാണ് മുഈന്‍ അലിയുടെ ആരോപണം. സംഭവത്തില്‍ മലപ്പുറം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും ഇതിനൊപ്പം ഭീഷണി സന്ദേശവും കൈമാറിയിട്ടുണ്ട് എന്നും മുഈന്‍ അലി കൂട്ടിച്ചേര്‍ത്തു.










