പകുതി വില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ഗുരുവായൂരില്‍ ഒരാള്‍ അറസ്റ്റില്‍. നാച്വര്‍ എന്‍വയന്‍മെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി, ന്യൂസ് ഓഫ് ഇന്ത്യ സെക്രട്ടറി തിരുനെല്ലൂര്‍ സ്വദേശി രവി പനക്കലാണ് (59) അറസ്റ്റിലായത്. ഇരിങ്ങപ്പുറം സ്വദേശി എം. രാഗി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എ.സി.പി ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിരുന്നു. സ്‌കൂട്ടറിന്റെ പകുതി വിലയായി 60000 രൂപയും അനുബന്ധ ചിലവുകള്‍ക്കായി 6000 രൂപയുമാണ് പരാതിക്കാരിയായ രാഗി നല്‍കിയിരുന്നത്. രവി പനക്കല്‍ സെക്രട്ടറിയായ ന്യൂസ് ഓഫ് ഇന്ത്യയുടെ മമ്മിയൂരിലുള്ള ഓഫിസ് മുഖേനയാണ് പണം അടച്ചത്. എന്നാല്‍ സ്‌കൂട്ടര്‍ ലഭിച്ചില്ല. ഇവിടെ സ്‌കൂട്ടറിനായി പണം അടച്ച 29 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് സ്‌കൂട്ടര്‍ ലഭിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സ്‌കൂട്ടറിന് പുറമെ ലാപ്‌ടോപ്പിനും പണം സ്വീകരിച്ചിരുന്നു. സ്‌കൂട്ടര്‍ തട്ടിപ്പില്‍ അറസ്റ്റിലായിട്ടുള്ള പ്രധാന പ്രതി അനന്തുകൃഷ്ണന്റെ അക്കൗണ്ടിലേക്ക് രവി പനക്കല്‍ 20 ലക്ഷത്തോളം രൂപ കൈമാറിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചു. അനന്തുകൃഷ്ണന്‍ അറസ്റ്റിലായ ശേഷവും രവി പനക്കല്‍ പലരില്‍ നിന്നും പദ്ധതിയുടെ പേരില്‍ സ്വീകരിച്ചതായും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26 മുതല്‍ പണം സ്വീകരിച്ചിരുന്നു. ടെമ്പിള്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ ജി. അജയ്കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ കെ. ഗിരി, ഗ്രേഡ് എ.എസ്.ഐ കെ. സാജന്‍, സീനിയര്‍ സി.പി.ഒ കെ.എസ്. സുവീഷ്‌കുമാര്‍, സി.പി.ഒ എസ്. റമീസ് എന്നിവരടങ്ങുന്ന സംഘമാണ് രവി പനക്കലിനെ മമ്മിയൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പരാതികള്‍ രവിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരുന്നതിനാല്‍ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
