കരിപ്പൂർ: ദുബായിയിൽ നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം കവർച്ച ചെയ്യാൻ വന്ന വയനാട് സ്വദേശിയായ യുവതി ഉൾപ്പെടെ ഉള്ള സംഘത്തിന്റെ തലവനെ പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ചക്കരിക്കാട് പറമ്പ് വീട്ടിൽ ഷഹീർ ( 28 ) നെയാണ് ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 22ന് ദുബായിൽ നിന്നും പിടിയിലായ ഷഹീറിന്റെ സംഘത്തിൽ ഉൾപ്പെട്ട വയനാട് സ്വദേശിയായ ഡീന വത്സൻ എന്ന യുവതി അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം യഥാർത്ഥ ഉടമക്ക് നൽകാതെ കവർച്ച ചെയ്തു കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ജംനാസ് , മുഹമ്മദ് സഹദ് , സ്വർണ്ണം കടത്തി കൊണ്ടുവന്ന ഡീന എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ഷഹീർ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യത്യസ്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ സി പി വിജയ് ഭാരത് റെഡ്ഡി , കരിപ്പൂർ ഇൻസ്പക്ടർ ഷിബു , കൊണ്ടോട്ടി എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
CrimeJanuary 21, 2023










