രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടികളില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധമറിയിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് അയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്ത്
രാജ്ഭവന്റെ ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ പതാക ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ പതാകയോ ദേശീയ ചിഹ്നമോ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കണം. ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 1947 ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് കത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം.
സര്‍ക്കാരുമായി ചേര്‍ന്ന് രാജ്ഭവന്‍ സംഘടിപ്പിച്ച പരിപാടികളില്‍ സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ‘ഭാരതാംബ’ വിവാദത്തിന് തിരികൊളുത്തിയത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.