/ഒപ്പന വേദിയിൽ കറുത്ത മണവാട്ടി ഇരിന്നാലും പ്രേക്ഷകർക്ക് കലാസ്വാദനം സാധ്യമാണെന്ന്കാണിക്കണം. ആ മണവാട്ടിയും മൊഞ്ചത്തിയാണെന്ന് അടയാളപ്പെടുത്തണം. എന്തെന്നാൽ ഈലോകം കറുത്ത മനുഷ്യരുടേത് കൂടിയാണ്.

ഒപ്പന വേദിയിൽ കറുത്ത മണവാട്ടി ഇരിന്നാലും പ്രേക്ഷകർക്ക് കലാസ്വാദനം സാധ്യമാണെന്ന്കാണിക്കണം. ആ മണവാട്ടിയും മൊഞ്ചത്തിയാണെന്ന് അടയാളപ്പെടുത്തണം. എന്തെന്നാൽ ഈലോകം കറുത്ത മനുഷ്യരുടേത് കൂടിയാണ്.

കറുത്ത മണവാട്ടിയില്ലാത്ത ലോകം.

ഒപ്പന കേരളത്തിലെ ജനകീയ കലാരൂപം എന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ടത്.

മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ അണിയിച്ചൊരുക്കി ചുറ്റും കൂടി നിൽക്കുന്ന സുഹൃത്തുക്കൾ കൈകൊട്ടി പാടി അവതരിപ്പിക്കുന്ന ഒപ്പന മലബാറിലെ മുസ്ലീം വീടുകളിലാണ് പ്രധാനമായും ഉണ്ടായതെന്ന് പറയപ്പെടുന്നു.

എന്നാൽ, നമ്മുടെ കലോത്സവ വേദികളിൽ അവതരിപ്പിക്കുന്ന ഒപ്പനകൾ അന്യഗ്രഹത്തിലെവിടെയോ സംഭവിക്കുന്നതാവണം.

ട്രേഡീഷനുമായി ബന്ധപ്പെട്ട കലാരൂപമാണെങ്കിൽ കേരളത്തിലെ മുസ്ലീം വീടുകളിൽ എവിടെയും കറുത്ത മണവാട്ടിമാരില്ലേ..?

മലബാർ യൂറോപ്പിലൊന്നുമല്ല. കേരളത്തിലാണ്. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ കലോത്സവ വേദികളിലെ ഒപ്പന മത്സരങ്ങളിൽ വെളുത്ത മണവാട്ടിമാർ മാത്രം ഇടം പിടിക്കുന്നത്.

തട്ടവും ആഭരണങ്ങളും തിളങ്ങുന്ന വസ്ത്രങ്ങളും കോസ്റ്റ്യൂമുകളായിരിക്കാം. കലാരൂപത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടിയായിരിക്കാം. ആ കോസ്റ്റ്യൂമുകളാണ് പോയിന്റുകൾക്ക് പരിഗണിക്കുന്നതെന്ന് സമ്മതിച്ചാലും കറുത്ത മണവാട്ടിമാർക്ക് പോയിന്റ് നൽകില്ലെന്ന് ഒപ്പന മത്സരത്തിന്റെ റൂളിലിവിടെയെങ്കിലുമുണ്ടോ..? അല്ല, ഇനി മണവാട്ടിയുടെ നിറം നോക്കിയാണ് പോയിന്റ് നിർണ്ണയിക്കുന്നതെങ്കിൽ എത്രമാത്രം മോശം ജഡ്ജുമെന്റാണത്.

ലോകത്താകെ നിലനിൽക്കുന്ന വംശീയതയെ മറ്റു രാജ്യങ്ങളിലെ കലാകാരന്മാർ കലയിലൂടെ ചെറുത്ത് തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ നാം അറിഞ്ഞോ അറിയാതെയോ കലാജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന നമ്മുടെ കുട്ടികളുടെ ഇടയിലേക്ക് വരെ നിറത്തിന്റെ പേരിൽ വേർതിരിവുണ്ടാക്കുകയാണ്.

കറുത്ത നിറമുള്ള ഒരു പെൺകുട്ടിക്ക് മണവാട്ടിയായി ഇരിക്കാൻ സാധിക്കാത്ത വേദിയിൽ ആര് മത്സരിച്ചാലും അവരൊക്കെ എന്നോ തോറ്റ് കഴിഞ്ഞു.

ഗ്രേഡ് നേടലോ പോയന്റ് നേടലോ അല്ല കല. കലയിലൂടെ സാമൂഹിക മാറ്റങ്ങളുണ്ടാക്കാൻ കഴിയണം.